നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

ഇസിഎച്ച്എസ് ചികിൽസ താളം തെറ്റുന്നു; മുൻ സൈനികർക്കിടയിൽ പ്രതിഷേധം

തൃശൂർ ∙ വിരമിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും വിദഗ്ധ ചികിൽസ നൽകുന്നതിനുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ചികിൽസ താളം തെറ്റുന്നു. ഗുരുതര രോഗങ്ങൾക്കു വിദഗ്ധ ചികിൽസ ലഭിക്കാൻ ഇസിഎച്ച്എസ് ക്ലിനിക്കിൽനിന്നു റഫർ ചെയ്യുന്ന രോഗികളെ സ്വീകരിക്കാൻ സ്വകാര്യ ആശുപത്രികൾ വിസമ്മതിക്കുന്നതാണു കാരണം. ഇങ്ങനെ ചികിൽസിച്ച വകയിൽ കോടിക്കണക്കിനു രൂപ പല സ്വകാര്യ ആശുപത്രികൾക്കും കിട്ടാനുണ്ടെന്നതാണ് അവർ പറയുന്ന കാരണം.
സൈനികർ വിരമിക്കുന്ന വേളയിൽ ഗ്രേഡ് അനുസരിച്ചു 15,000 രൂപ മുതൽ 60,000 രൂപ വരെ അടച്ചാണ് ഇസിഎച്ച്എസിൽ അംഗമാകുന്നത്. ഒപ്പം പ്രതിവർഷം ലഭിക്കേണ്ട മെഡിക്കൽ അലവൻസ് തുകയായ 6000 രൂപയും പദ്ധതിയിലേക്ക് എല്ലാ വർഷവും ഇവർ അടയ്ക്കുന്നുണ്ട്. ഏതു രോഗത്തിനും സൗജന്യ ചികിൽസയെന്നതാണ് ഇസിഎച്ച്എസിന്റെ വാഗ്ദാനം. വിരമിച്ച സൈനികന്റെ മാതാപിതാക്കൾ, ഭാര്യയോ ഭർത്താവോ, മക്കൾ ഇവർക്കാണു ചികിൽസാ ആനുകൂല്യം ലഭിക്കുക. സാരമായ രോഗങ്ങൾക്കു വിദഗ്ധ ചികിൽസ ലഭ്യമാക്കാനുള്ള സംവിധാനം ഇസിഎച്ച്എസിന് ഇല്ലാത്തതിനാലാണു തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലേക്കു റഫർ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
തൃശൂർ ജില്ലയിൽ പദ്ധതി നടപ്പിലാക്കിയിരുന്ന ജൂബിലി മിഷൻ, സൺ, മെട്രോ, എലൈറ്റ്, വെസ്റ്റ്ഫോർട്ട് ഹൈടെക് എന്നീ ആശുപത്രികൾ ഇപ്പോൾ ഇസിഎച്ച്എസിൽനിന്നു റഫർ ചെയ്യുന്ന കേസുകൾ ഏറ്റെടുക്കുന്നില്ലെന്ന് അംഗങ്ങൾ പരാതിപ്പെടുന്നു. ഈ ആശുപത്രികൾക്കെല്ലാം കോടിക്കണക്കിനു രൂപ ഇസിഎച്ച്എസിൽനിന്നു കുടിശികയുള്ളതായാണു വിവരം. കൊച്ചി അമൃത ആശുപത്രിയിൽ ഡെർമറ്റോളജി, യൂറോളജി, പ്ലാസ്റ്റിക് സർജറി, ഹെഡ് ആൻഡ് നെക്ക്, സൈക്യാട്രി, ക്ലിനിക്കൽ സൈക്യാട്രി, ഡന്റൽ, വാസ്കുലർ സർജറി തുടങ്ങിയ വകുപ്പുകൾ ഇസിഎച്ച്എസ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ലിസി ആശുപത്രിയിൽ കാർഡിയോ തൊറാസിക് വിഭാഗവും നഷ്ടമായി. തിരുവനന്തപുരം ശ്രീചിത്തിരയും ആർസിസിയും ഇസിഎച്ച്എസിനെ ഉപേക്ഷിച്ചു. കുടിശിക കിട്ടാത്തതും ഇസിഎച്ച്എസ് അനുശാസിക്കുന്ന നിരക്കിൽ ചികിൽസിക്കാനാവില്ലെന്നതും സ്വകാര്യ ആശുപത്രികൾ ഇസിഎച്ച്എസിനെ ഉപേക്ഷിക്കാൻ കാരണമാകുന്നു.
ന്യായീകരിക്കാനാവാത്ത കാരണങ്ങൾ പറഞ്ഞു ബിൽ തുക വെട്ടിക്കുറയ്ക്കുന്നതും ആശുപത്രികളെ കുഴപ്പത്തിലാക്കുന്നു. ഏതൊരു സർജറിക്കു മുൻപു ചെയ്യേണ്ട എച്ച്ഐവി ടെസ്റ്റിനുള്ള ചാർജ് ചികിൽസയുമായി ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടി കുറവു ചെയ്യാറുണ്ട്. ഇത്തരം പല വെട്ടിക്കുറയ്ക്കലിനും ശേഷം തുക വൈകി ലഭിക്കുകയും ചെയ്യുന്നതോടെ ആശുപത്രികൾക്ക് ഇസിഎച്ച്എസ് നഷ്ടക്കച്ചവടമാകുന്നു.
സംസ്ഥാനത്താകെ എട്ടു ലക്ഷത്തോളം പേരെങ്കിലും ഇസിഎച്ച്എസ് ചികിൽസയെ ആശ്രയിക്കുന്നുണ്ട്. ചികിൽസാ സൗകര്യം പഴയതുപോലെ ലഭിക്കാൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ടു സമരത്തിനൊരുങ്ങുകയാണെന്ന് ഇസിഎച്ച്എസ് സംരക്ഷണ സമിതി പ്രസിഡന്റ് കെ.എ. ടോണി പറഞ്ഞു.
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment