കൊച്ചി ∙ മാവോയിസ്റ്റുകൾ പത്തു വർഷത്തിനിടയിൽ 4545 പേരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊലപ്പെടുത്തിയതായി പൊലീസ് റിപ്പോർട്ട്. ഇതിൽ 2780 നാട്ടുകാരും 1765 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തീവ്ര ഇടതുപക്ഷ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇവർ മലയോര ജനവിഭാഗങ്ങളുടെയും ദലിതരുടെയും പ്രശ്നങ്ങളിൽ ഇടപെടാറുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊന്നൊടുക്കിയത് ജനകീയ പ്രതിരോധങ്ങളുടെ പേരിലല്ല.
ബീഹാർ, ജാർഖണ്ഡ്, യുപി എന്നിവിടങ്ങളിലെ ഖനി ലൈസൻസുകളുടെ മറവിൽ വൻതോതിൽ സ്ഫോടകവസ്തു (ആർഡിഎക്സ്) കടത്താൻ തീവ്രവാദ സംഘടനകൾ മാവോയിസ്റ്റ് സംഘടനകളെ മറയാക്കിയതിനെ തുടർന്നുണ്ടായ സംഘട്ടനത്തിലാണു സുരക്ഷാ ഉദ്യോഗസ്ഥർ പലരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജനങ്ങളുടെ കൂട്ടത്തിൽ ഇവരെ എതിർത്ത യഥാർഥ മാവോയിസ്റ്റ് അനുഭാവികളുമുണ്ടെന്നാണു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
സ്ഫോടക വസ്തുവായ അമോണിയം നൈട്രേറ്റ്, കേരളത്തിൽ പാറമട ലൈസൻസ് പ്രകാരം ലഭിക്കുന്നതു പോലെയാണ് ഉത്തരേന്ത്യയിലെ കൽക്കരി ഖനികൾക്ക് ആർഡിഎക്സ് ലഭിക്കുന്നത്. ഖനിതൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചാണ് ഇവരുടെ വിശ്വാസം ആർജിച്ചു തീവ്രവാദികൾ നുഴഞ്ഞു കയറുന്നത്. ഇതിന്റെ മറവിൽ വൻതോതിൽ ആർഡിഎക്സ് മോഷ്ടിക്കപ്പെട്ടതായും പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവർത്തനം നിലച്ച ഖനികളുടെ ലൈസൻസിൽ ലഭിക്കുന്ന സ്ഫോടക വസ്തുക്കളും തീവ്രവാദികൾ പണം കൊടുത്തുവാങ്ങിയെന്നാണു വിവരം.
എൽടിടിഇ ശക്തരായിരുന്ന കാലഘട്ടത്തിലാണു കേരളത്തിൽ സ്ഫോടകവസ്തു കടത്തൽ വ്യാപകമായതെന്നും രഹസ്യാന്വേഷണ രേഖകൾ വെളിപ്പെടുത്തുന്നു. കേരളത്തിൽ അറസ്റ്റിലായ രൂപേഷ് അടക്കമുള്ള മാവോയിസ്റ്റുകൾ ജാമ്യത്തിൽ പുറത്തിറങ്ങാൻ ശ്രമം തുടങ്ങിയതോടെയാണു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മാവോയിസ്റ്റ് ആക്രമണങ്ങളുടെ വ്യക്തമായ കണക്കുകൾ കോടതികളിൽ സമർപ്പിക്കാനായി കേരളാ പൊലീസിനു കൈമാറിയത്.
2005– 2015 കാലഘട്ടത്തിലെ മാവോയിസ്റ്റ് കൊലപാതകങ്ങളുടെ കണക്കുകൾ സംസ്ഥാനം തിരിച്ച്
ആന്ധ്രപ്രദേശ്: കൊല്ലപ്പെട്ട സാധാരണ ജനങ്ങൾ– 260, സുരക്ഷാ ഉദ്യോഗസ്ഥർ– 36 ബിഹാർ: 276– 172 ഛത്തീസ്ഗഡ്: 684–858 ജാർഖണ്ഡ്: 590– 307 മഹാരാഷ്ട്ര: 139– 138 ഒഡിഷ: 275– 180 പശ്ചിമബംഗാൾ: 544–65 കർണാടക: ഏഴ്– എട്ട് തെലുങ്കാന: മൂന്ന്– ഇല്ല ഉത്തർപ്രദേശ്: രണ്ട്– ഇല്ല മധ്യപ്രദേശ്: ഒന്ന്– ഇല്ല
0 comments:
Post a Comment