നഴ്സ് റിക്രൂട്ട്മെന്റ് കേസ് പ്രതി ഉതുപ്പ് വർഗീസ് അബുദാബിയിൽ അറസ്റ്റിൽ -O- മിച്ചഭൂമിക്കു പട്ടയം നൽകാനുള്ള നിയമഭേദഗതി ഹൈക്കോടതി തള്ളി -O- പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തേക്കും -O- അഴിമതിക്കേസിൽ ഗോവ മുൻ മന്ത്രി അറസ്റ്റിൽ -O- കേരള പൊലീസിൽ 10% വനിതാപ്രാതിനിധ്യം; റിപ്പോർട്ട്‌ പുരുഷമേധാവികൾ അട്ടിമറിച്ചു -O- 10 വർഷത്തിനിടെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് 4545 പേരെ

അവർ എന്തിന് ഈ കടുംകൈ ചെയ്തു; മൂന്നു പെൺകുട്ടികളുടെ ഒളിച്ചോട്ടവും മരണവും

കോന്നിയിലെ മൂന്നു പെൺകുട്ടികളുടെ ഒളിച്ചോട്ടവും മരണവും പൊലീസിന് ഒരു സമസ്യയാണ്, കേരളത്തിനും. എന്തുകൊണ്ട് അവർ ആത്മഹത്യ ചെയ്തു?. മൂന്നു വീടുകളിലെ മൂന്നു പ്രതീക്ഷകളാണു പൊലിഞ്ഞത്. സാധാരണ ഒരു ഒളിച്ചോട്ടത്തിലും ആത്മഹത്യയിലുമുള്ള ബാഹ്യഘടകങ്ങൾ പ്രത്യക്ഷമായി ഈ കേസിൽ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്ന തരത്തിൽ ഏതുവിധത്തിലുള്ള ബന്ധമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നത്. എന്തിന് അവർ ഈ കടുംകൈ ചെയ്തു? കാരണങ്ങളെക്കുറിച്ചു മനഃശാസ്ത്രജ്ഞരും മറ്റു വിദ്ഗധരും ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു പഠിച്ച് ഒരു നിഗമനത്തിലെത്താനാണു ശ്രമിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ.

കേരളം മാറുന്നു, അതിവേഗം

കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളിലേക്കും കൗമാര മനഃശാസ്ത്രത്തിലേക്കുമുള്ള ഒരു സൂചകമാണ് ഈ സംഭവം. ഒരിക്കൽ നമ്മൾ ഊറ്റം കൊണ്ടിരുന്ന കുടുംബബന്ധങ്ങൾക്ക് എന്താണു സംഭവിക്കുന്നത്. എവിടെയാണു ശ്രദ്ധിക്കേണ്ടത്. പതിനാലുകാരികളായ ഗർഭിണികളും തോക്കേന്തുന്ന പതിമൂന്നു വയസ്സുകാരായ ആൺകുട്ടികളുമാണ് അമേരിക്കയുടെ വർത്തമാന ദുഃഖമെന്ന് അവിടത്തെ ഒരു ഭരണാധികാരി പരിതപിച്ചതു നമ്മൾ കേട്ടു. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്.

കൗമാരം എങ്ങോട്ട്

കൗമാരക്കാരായ പെൺകുട്ടികളുടെ ഒളിച്ചോട്ടം ഏറിക്കൊണ്ടിരിക്കുകയാണെന്നു കണക്കുകളും വ്യക്തമാക്കുന്നു. പ്രത്യേകിച്ചു ജില്ലയിൽ. കഴിഞ്ഞവർഷം ഇതുസംബന്ധിച്ചു കൊല്ലം റൂറൽ സ്റ്റേഷൻ പരിധിയിൽ ഒരു പഠനവും നടന്നു. പഠനത്തിനു നിർദേശം നൽകിയ അന്നത്തെ എസ്പി എസ്. സുരേന്ദ്രൻ ഇതേക്കുറിച്ചു പറയുന്നു. ‘ഞാൻ കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി ചെയ്തെങ്കിലും കൊട്ടാരക്കര ഇരുന്നപ്പോഴാണ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചത്. പെൺകുട്ടികളെ കാണാതാകുന്ന കേസ് വളരെ കൂടുതലാണ് ഇവിടെ.
ശരാശരി ദിവസത്തിലൊന്ന് എന്ന കണക്കിൽ. പതിനാലിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ളവരാണു ഭൂരിഭാഗവും. അതെന്നെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് ഇതെന്ന് അന്വേഷിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.പെൺകുട്ടി ഒളിച്ചോടുമ്പോൾ ഒരു വീടാണ് അക്ഷരാർഥത്തിൽ തകരുന്നത്. ആ വീടിന് ഉണ്ടാകുന്ന ദുഷ്പേര്, മറ്റു കുടുംബാംഗങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതെല്ലാം വളരെ വലുതാണ്. അതു സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഏറെയാണ്. അതുകൊണ്ടു ശാസ്ത്രീയമായിത്തന്നെ പഠിക്കാനായി 50 കേസുകൾ പ്രത്യേകമായി പരിഗണിക്കുകയായിരുന്നു.
കൊട്ടാരക്കര വനിതാസെൽ ഉപദേശക സമിതിയിലെ സാമൂഹികക്ഷേമ വകുപ്പിലെ കൗൺസലറും സാമൂഹികപ്രവർത്തകരും എല്ലാം ഉൾപ്പെട്ട സംഘമാണു പഠനം നടത്തിയത്. (കേസ് റജിസ്റ്റർ ചെയ്ത് കണക്കുകളാണ് പട്ടികയിൽ കൊടുത്തിരിക്കുന്നത്. കേസ് എടുക്കാതെ എത്രയോ എണ്ണം. സാമ്പത്തിക ശേഷി കുറഞ്ഞവരാണ് ഭൂരിഭാഗവും സ്റ്റേഷനിൽ എത്തുന്നത്. സമ്പത്തും ഉന്നത ബന്ധങ്ങളും ഉള്ളവർ അവരുടേതായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് പതിവ് ). പഠനങ്ങൾക്കു നേതൃത്വം നൽകിയ കൊട്ടാരക്കര സ്റ്റേഷനിലെ സിഐ അനിതാകുമാരി പറഞ്ഞ അനുഭവങ്ങൾ കാതുതുറന്നു കേൾക്കേണ്ടതാണ്. മനസ്സുതുറന്നു മനസ്സിലാക്കേണ്ടതാണ്.
അനിതാകുമാരി പറഞ്ഞു തുടങ്ങി.‘ഇങ്ങനെയുള്ള കേസുകൾ കാണുമ്പോൾ, മാതാപിതാക്കളുടെ സങ്കടം കാണുമ്പോൾ സത്യത്തിൽ കണ്ണുനിറയും. എന്റെ ഔദ്യോഗിക ജീവിതത്തിൽ വർഷങ്ങൾക്കു മുൻപു നടന്ന സംഭവമാണ് ഓർമ വരുന്നത്. ആ പെൺകുട്ടിയുടെ തേജസ്സുള്ള മുഖവും അവളുടെ മാതാപിതാക്കളുടെ ചോരവാർന്ന രൂപവും ഇപ്പോഴും കൺമുന്നിലുണ്ട്. നമ്മുടെ അയൽ ജില്ലയിൽ ജോലിയിലായിരിക്കുമ്പോഴായിരുന്നു ആ സംഭവം. വാടകവീട്ടിലാണ് ആ കുടുംബം താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായിരുന്നു. അവർക്കു പ്രതീക്ഷയായി സുന്ദരിയായ ഏക മകൾ. എട്ടാം ക്ലാസുകാരി. ഒരു ദിവസം വൈകിട്ടു മാതാപിതാക്കൾ വരുമ്പോൾ വീട്ടിൽ അവൾ ഇല്ല. അന്വേഷണമായി. അപ്പോഴാണു അയൽപ്പക്കത്തു താമസിച്ചിരുന്ന ഇതര സംസ്ഥാന സ്വദേശി യുവാവിനെയും കാണാതായ കാര്യം അറിയുന്നത്. അവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി തന്നു.
മിക്ക ദിവസങ്ങളിലും അവർ മകളുടെ കാര്യം തിരക്കി സ്റ്റേഷനിൽ വരുമായിരുന്നു. കരഞ്ഞു കൊണ്ടുള്ള അവരുടെ നിൽപു വല്ലാത്ത കാഴ്ചയായിരുന്നു. അങ്ങനെ മൂന്നു മാസം കടന്നുപോയി. ഒരു ദിവസം പെൺകുട്ടിയെ കിട്ടി എന്ന് എറണാകുളം സ്റ്റേഷനിൽ നിന്നു വിവരം കിട്ടി. അവളെ കൂട്ടിക്കൊണ്ടുവരാൻ പോയി. മാതാപിതാക്കൾക്കു പോലും തിരിച്ചറിയാൻ കഴിയാത്തത്ര മാറ്റമായിരുന്നു അവൾക്ക്. ഒരു ചലച്ചിത്രനടിയെ വെല്ലുന്ന സൗന്ദര്യവും വസ്ത്രധാരണവും. മുടിയൊക്കെ പാറിപ്പറന്നു നല്ല തേജസ്സായിരുന്നു. പക്ഷേ അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞെട്ടി. വീട്ടിനടുത്തുണ്ടായിരുന്ന ഇതര സംസ്ഥാന സ്വദേശി യുവാവുമായി അവൾ പ്രണയത്തിലായിരുന്നു. സ്കൂൾ വിട്ടു വരുമ്പോൾ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്തത് അവർക്കു സൗകര്യമായി. അവന്റെ വാക്കുകൾ വിശ്വസിച്ചു നല്ലൊരു ജീവിതം സ്വപ്നം കണ്ട് അവൾ അവനൊപ്പം പോയി. എന്നാൽ അവൻ അവളെ കൊണ്ടുപോയതു മുംബൈയിലെ ചുവന്ന തെരുവിലേക്കാണ്. അന്നത്തെ 4,000 രൂപയ്ക്കു വിറ്റു.
കന്യകളായ പെൺകുട്ടികളെ വിറ്റാൽ കൂടുതൽ പണം കിട്ടും എന്നതിനാൽ അവൻ അവളെ ഒരു പോറൽ പോലും ഏൽപ്പിച്ചിരുന്നില്ല. ഒരു സ്പർശനം പോലും ഇല്ലാതിരുന്നതു മൂലും പെൺകുട്ടിയും അവനെ വിശ്വസിച്ചു. മാന്യനാണെന്നു കരുതി. ഈ വിശ്വാസമാണ് അവളെ ചതിച്ചത്. നമ്മുടെ പല പെൺകുട്ടികളെയും...
ചുവന്നതെരുവിൽ ഒരു സ്ത്രീക്കായിരുന്നു നടത്തിപ്പ് ചുമതല. അവരുടെ പക്കലാണ് ഇവളെ ഏൽപ്പിച്ചത്. താൻ വഞ്ചിക്കപ്പെട്ട കാര്യം പെൺകുട്ടിക്ക് അപ്പോഴാണു മനസ്സിലായത്. അവിടെയുണ്ടായിരുന്ന മലയാളി സ്ത്രീകൾക്ക് അവളോട് അടുപ്പം തോന്നി. എതിർത്താൽ ഒരിക്കലും പുറംലോകം കാണാൻ കഴിയില്ലെന്നും അനുനയത്തിൽ നിന്നാൽ പുറത്തൊക്കെ പോകാമെന്നും അങ്ങനെ രക്ഷപ്പെടാമെന്നും അവർ ഉപദേശിച്ചു. പെൺകുട്ടി അതുപോലെ ചെയ്തു. ആവശ്യക്കാരോടൊപ്പം പോകുമ്പോഴും അവൾ കന്യാകത്വം നഷ്ടമാകാതിരിക്കാനുള്ള സാമർഥ്യം കാണിച്ചു.
കുറച്ചുനാൾ കൊണ്ടു തന്നെ വാങ്ങാൻ ചെലവഴിച്ച കാശ് നടത്തിപ്പുകാരിക്ക് അവൾ സമ്പാദിച്ചു കൊടുത്തു. അവളെ അവർക്കു കൂടുതൽ വിശ്വാസമായി. മൂന്നു മാസം കഴിഞ്ഞു. ഒരു ദിവസം ഒരു പട്ടാളക്കാരനാണ് എത്തിയത്. നാട്ടിലേക്ക് അവധിക്കു പോകും മുൻപു കയറിയതാണ്. പെൺകുട്ടിയുടെ കഥകേട്ട് അയാളുടെ മനസ്സലിഞ്ഞു. ട്രെയിൻ ടിക്കറ്റ് റദ്ദാക്കി അയാൾ പെൺകുട്ടിയുമായി ബസിൽ പുറപ്പെട്ടു. രാത്രിയോടെ അവർ എറണാകുളത്ത് എത്തി. പട്ടാളക്കാരൻ തന്റെ വീട്ടിലേക്കു പോയി. ഒറ്റയ്ക്കൊരു പെൺകുട്ടി സ്റ്റാൻഡിൽ അസമയത്ത് എത്തിയതോടെ കഴുകൻ കണ്ണുകളുമായി പലരും വട്ടമിട്ടു കൂടി. ഈ സമയത്ത് ഒരു പൊലീസുകാരൻ റോന്തിനായി അവിടെ എത്തി. പെൺകുട്ടി പൊലീസുകാരനോടു കാര്യം പറഞ്ഞു സ്റ്റേഷനിലേക്കു കൂടെപ്പോയി....
ഇപ്പോൾ അവൾ വിവാഹിതയായി ഒരു കുഞ്ഞുമായി സന്തോഷത്തോടെ കഴിയുന്നു. കാണുമ്പോഴൊക്കെ അവൾ സ്നേഹത്തോടെ ഓടിയെത്തി കുശലാന്വേഷണം നടത്തും. എങ്കിലും മൂന്നു മാസത്തോളം തീ തിന്നു കഴിഞ്ഞ അവളുടെ മാതാപിതാക്കളുടെ മുഖം മറക്കാനാകുന്നില്ല. മക്കളുടെ ഉയർച്ച സ്വപ്നം കണ്ടു ജീവിക്കുന്ന ഒരു മാതാപിതാക്കളുടെ മുഖവും ഇങ്ങനെ ആകാതിരിക്കട്ടെ... എന്താണു പറ്റുന്നതെന്നു നമ്മുടെ പെൺമക്കളും ചിന്തിക്കണം– കുടുംബബന്ധത്തിൽ എവിടെയാണു താളം തെറ്റിയതെന്നു മാതാപിതാക്കളും ചിന്തിക്കണം– അനിതാകുമാരി പറഞ്ഞു...
കാമുകനൊപ്പം വീടുവിട്ടു; എത്തിയത്... (പരമ്പര തുടരുന്നു)
Share on Google Plus

About Muhsin AxLz

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment